ശ്രീപത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ തിരുമനസ്സിലെ അനുഗ്രഹാശംസകളോടെ തിരുവിതാംകൂർ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിയ്ക്കുന്നതിന് തുടക്കം കുറിച്ച തിരുവിതാംകൂർ മലയാളി കൗൺസിൽ വിഭാവന ചെയ്‌ത തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ക്രീയേഷൻസ് സമർപ്പിയ്ക്കുന്ന ആദ്യ ജനകീയ ചരിത്ര ചലച്ചിത്ര സംരംഭമാണ് “ഗുരുപാദ പത്മം“

തിരുവിതാംകൂർ ചരിത്ര സ്നേഹികൾ ഒത്തുചേർന്ന് സംഘടിപ്പിച്ച ആദ്യ തിരുവിതാംകൂർ ചരിത്ര പ്രദർശനം 2010 ആഗസ്റ്റ് 21 – ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് നിരവധി കോൺഫറൻസുകളും, ചരിത്ര പ്രദർശനങ്ങളും വിവിധ സ്ഥലങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ സംഘടിപ്പിക്കുവാൻ ഈശ്വരൻ അനുഗ്രഹിച്ചു.

നമ്മുടെ പൂർവ്വികന്മാർ വരും തലമുറയ്ക്കായി കരുതിയ അമൂല്യങ്ങളായ വിജ്ഞാന ശേഖരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിയ്ക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചരിത്ര പഠന യാത്രയിൽ കണ്ടെത്തിയ മഹനീയ വ്യക്തികളെയും സംഭവങ്ങളെയും വരും തലമുറയ്ക്ക് ചരിത്ര ചലച്ചിത്രമായി പരിചയപ്പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു.

“ഗുരുപാദ പത്മം” (ചരിത്ര വഴികളിൽ ശ്രീ നാരായണ ഗുരു)

ചരിത്ര വഴികൾ അടയാളപ്പെടുത്തിയ ശ്രീ നാരായണ ഗുരു ദർശനങ്ങൾ അക്ഷരാർത്ഥത്തിൽ വിശ്വസംസ്‌കൃതിയ്ക്ക് പരിചയപ്പെടുത്തുന്ന ചരിത്ര ചലച്ചിത്രമാണ് “ഗുരുപാദ പത്മം”.

ശ്രീ നാരായണ ഗുരു ദർശനം, തിരുവിതാംകൂർ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങൾ, മഹാത്മാഗാന്ധി, രവീന്ദ്രനാഥാ ടാഗോർ, മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, മഹാകവി കുമാരനാശാൻ, ഡോ.പൽപ്പു തുടങ്ങിയ പ്രമുഖരുമായി ഗുരു നടത്തിയ ആശയ സംവാദങ്ങൾ, ശ്രീനാരായണ ധർമ്മ പരിപാലന യോഗം – ചരിത്ര രേഖകൾ, വൈക്കം സത്യാഗ്രഹം, കിളിമാനൂർ കൊട്ടാരവും ശ്രീ നാരായണ ഗുരുവും തമ്മിലുള്ള ആത്മ ബന്ധം, ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് നടത്തിയ ക്ഷേത്ര പ്രവേശന വിളംബരം, മഹാത്മാഗാന്ധിയുടെ തിരുവിതാംകൂർ സന്ദർശനങ്ങൾ, തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി & അമ്മ മഹാറാണി സേതു പാർവ്വതിഭായി, ശ്രീ. മന്നത്ത്‌ പത്മനാഭൻ, ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമി, ആറാട്ടുപുഴ വേലായുധപ്പണിക്കർ തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളെ ചരിത്ര പശ്ചാത്തലത്തിൽ അടയാളപ്പെടുത്തുന്ന ജനകീയ ചരിത്ര ചലച്ചിത്രമാണ് വിഭാവന ചെയ്യുന്നത്.

രാജ്യന്തര തലത്തിൽ 100 വേദികളിൽ “ഗുരുപാദ പത്മം” എന്ന ചരിത്ര ചലച്ചിത്രം പ്രദർശിപ്പിയ്ക്കുകയും, അതോടൊപ്പം തിരുവിതാംകൂർ ചരിത്ര പഠന കോൺഫറൻസുകൾ സംഘടിപ്പിയ്ക്കുകയും ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് വിഭാവന ചെയ്യുന്നത്.

അമൂല്യങ്ങളായ ചരിത്ര രേഖകൾ സൂക്ഷിയ്ക്കുന്ന മലയാള മനോരമയുടെ റഫറൻസ് ലൈബ്രറി പടുത്തുയർത്തുന്നതിൽ അക്ഷീണം യത്നിച്ച ആദരണീയനായ ജി. പ്രീയദർശനും, ആചാര്യനും തത്ത്വ ചിന്തകനുമായ ഗുരു നിത്യചൈതന്യ യതിയും സമർപ്പിച്ച ശ്രീനാരായണ ഗുരു ദർശന പഠന ഗ്രന്ഥങ്ങളും, തിരുവിതാംകൂർ ചരിത്ര രേഖകളുമാണ് ഈ ചരിത്ര ചലച്ചിത്രത്തിന് സൗകുമാര്യമേറുന്നത്.